കുന്നത്തുനാട് താലൂക്കിലെ എല്ലാ പ്ലൈവുഡ് കമ്പനികളിലും ജനുവരി ആദ്യത്തോടെ ക്രഷുകൾ
24 നവംബർ 2026
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, മേഖലയിലെ മുഴുവൻ പ്ലൈവുഡ് സ്ഥാപനങ്ങളിലും ക്രഷുകൾ (ശിശുപരിപാലന കേന്ദ്രങ്ങൾ) സ്ഥാപിക്കാൻ തീരുമാനിച്ചു. മനോജ് മൂത്തേടൻ എംഎൽഎയുടെയും ജില്ലാ കളക്ടർ ജി പ്രിയങ്കയുടെയും നേതൃത്വത്തിൽ പെരുമ്പാവൂർ താലൂക്ക് ഓഫീസിൽ ചേർന്ന പ്ലൈവുഡ് കമ്പനി ഉടമകളുമായുള്ള സംയുക്ത യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ എണ്ണം കുറവുള്ള സ്ഥാപനങ്ങൾക്ക് സമീപത്തുള്ള മറ്റ് കമ്പനികളുമായി ചേർന്ന് സംയുക്ത ക്രഷുകൾ തുടങ്ങാം. ജനുവരി മാസാരംഭത്തോടെ കുന്നത്തുനാട് താലൂക്കിലെ മുഴുവൻ പ്ലൈവുഡ് കമ്പനികളിലും ക്രഷുകൾ പ്രവർത്തനസജ്ജമാകണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. അതിഥി തൊഴിലാളികളുടേത് ഉൾപ്പെടെ കുട്ടികൾ മാതാപിതാക്കളോടൊപ്പം ഫാക്ടറികളിലേക്ക് വരുന്നതും ജോലിസ്ഥലങ്ങളിൽ തങ്ങുന്നതും കർശനമായി തടയും; സംയുക്ത പരിശോധനകൾ ശക്തിപ്പെടുത്തും. തൊഴിൽ വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (DCPU), ശിശുക്ഷേമ സമിതി (CWC), ആരോഗ്യവകുപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
പദങ്ങൾ
CWC Child Welfare Committee — ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്ന ജില്ലാ സമിതി.
DCPU District Child Protection Unit — ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജില്ലയിൽ ശിശുസംരക്ഷണ പ്രവർത്തനം നടത്തുന്ന യൂണിറ്റ്.