സിക്കിം വിഷൻ 2047നെക്കുറിച്ചുള്ള ജില്ലാതല സംവാദം ഗാങ്ടോക്കിൽ; സംഘടിപ്പിച്ചത് പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് വകുപ്പ്
3 നവംബർ 2026
സിക്കിം സർക്കാരിന്റെ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് വകുപ്പ് (Planning and Development Department) സിക്കിം വിഷൻ 2047 രേഖയെക്കുറിച്ച് ജില്ലാതല സംവാദം നടത്തി. ഗാങ്ടോക്കിലെ ജില്ലാ സില്ല പഞ്ചായത്ത് ഭവനിലെ കോൺഫറൻസ് ഹാളിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് ഇത് നടന്നത്. ദീർഘകാല വികസനത്തെക്കുറിച്ചുള്ള ഒരു കൂട്ടായ കാഴ്ചപ്പാട് ജനപങ്കാളിത്തത്തോടെ തയാറാക്കാനാണ് വിഷൻ 2047 രേഖ ഒരുക്കുന്നത്. വിവിധ വിഭാഗം ആളുകളുടെ അഭിപ്രായങ്ങളും ശിപാർശകളും ശേഖരിക്കുകയായിരുന്നു സംവാദത്തിന്റെ ലക്ഷ്യം. സില്ല പഞ്ചായത്ത് അധ്യക്ഷ ബാലാ റാം അധികാരി, ജില്ലാ കളക്ടർ അഗവാനെ രോഹൻ രമേശ് എന്നിവർ പങ്കെടുത്തു. അഡീഷണൽ ജില്ലാ കളക്ടർ, വിദ്യാഭ്യാസ, ആരോഗ്യ ഉദ്യോഗസ്ഥർ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരും എത്തി. നർ ബഹാദൂർ ഭണ്ഡാരി സർക്കാർ കോളജ്, സിക്കിം സർക്കാർ ലോ കോളജ് എന്നിവിടങ്ങളിലെ അധ്യാപകരും പ്രിൻസിപ്പൽമാരും പങ്കെടുത്തു. സർക്കാർ, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾ, സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ, സംരംഭകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു. സ്റ്റേറ്റ് സപ്പോർട്ട് മിഷനിലെ വിദഗ്ധരോടൊപ്പം ജോയിന്റ് സെക്രട്ടറി അഭിജീത് ആർ. പാട്ടീലാണ് ക്രമീകരണങ്ങൾ നടത്തിയത്.