ആയുധ ഉപരോധവും യാത്രാവിലക്കും ആസ്തി മരവിപ്പിക്കലും ചേർന്ന സുരക്ഷാ സമിതിയുടെ ഹെയ്തി ഉപരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു
വിശദ വായന
ഹെയ്തിയുടെ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരായ ഉപരോധ നടപടികൾ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പുതുക്കി. 2022-ൽ സുരക്ഷാ സമിതി രൂപം നൽകിയ ഹെയ്തി ഉപരോധ സംവിധാനത്തിനു മൂന്നു നിർവഹണ ഉപാധികളാണുള്ളത്: ആയുധ ഉപരോധം, യാത്രാവിലക്ക്, ആസ്തി മരവിപ്പിക്കൽ. നിലവിൽ ഒമ്പതു വ്യക്തികളും രണ്ടു സംഘങ്ങളും ഉപരോധത്തിലാണ്. തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന്റെ വലിയ ഭാഗങ്ങൾ സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്; അവ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. ജനസംഖ്യയുടെ ഏകദേശം 12 ശതമാനമായ 15 ലക്ഷം പേർ വീടുവിട്ടിറങ്ങേണ്ടിവന്നു. കഴിഞ്ഞ ഒക്ടോബറിനും ഈ ഏപ്രിലിനും ഇടയിൽ 3,000-ത്തിലധികം പേർ കൊല്ലപ്പെടുകയും 1,500-ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹെയ്തിയിൽ തോക്കോ വെടിയുണ്ടയോ നിർമിക്കുന്നില്ല; എന്നിട്ടും 2,70,000 മുതൽ 5,00,000 വരെ അനധികൃത ആയുധങ്ങൾ പ്രചാരത്തിലുണ്ടെന്നാണു കണക്ക്. സമിതി സ്ഥാപിച്ച സ്വതന്ത്ര വസ്തുതാന്വേഷണ സംഘമായ ഹെയ്തി വിദഗ്ധ സമിതി പറയുന്നത് ആയുധ ഉപരോധം പതിവായി ലംഘിക്കപ്പെടുന്നു എന്നാണ്.