പേരാവൂരിൽ ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ തുടങ്ങി
23 നവംബർ 2026
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (Pradhan Mantri Matsya Sampada Yojana) പദ്ധതിയിൽ പേരാവൂരിൽ ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ പ്രവർത്തനം തുടങ്ങി. വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ജീവനുള്ള മത്സ്യങ്ങളെ ശാസ്ത്രീയമായി സംരക്ഷിച്ച് ഉപഭോക്താവിന് നേരിട്ട് തിരഞ്ഞെടുത്ത് വാങ്ങാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യകർഷകർക്ക് മികച്ച വിപണനസൗകര്യം ഒരുക്കുന്നതിനുമാണ് ഇത്. കർഷകനും ഉപഭോക്താവിനും ഒരുപോലെ പ്രയോജനമാകുമെന്നും വിപണനവും തൊഴിലവസരവും മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ആകെ ചെലവ് 20 ലക്ഷം രൂപയാണ്; ഇതിന്റെ 40 ശതമാനമായ എട്ട് ലക്ഷം രൂപ ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു.