ഡിആർ കോംഗോയിലെ ഇതുരി പ്രവിശ്യയിൽ ജനങ്ങളുടെ സംരക്ഷണം വ്യാപിപ്പിച്ച് മോനുസ്കോ സമാധാന സേന
26 നവംബർ 2026
ജുഗു മേഖലയിൽ പുതിയ സംഘർഷങ്ങൾ ഉണ്ടായതിനെ തുടർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോയിലെ ഇതുരി പ്രവിശ്യയിൽ യുണൈറ്റഡ് നേഷൻസ് സമാധാന സേന ജനങ്ങളുടെ സംരക്ഷണം വ്യാപിപ്പിച്ചു. കോംഗോ സൈന്യവും, ധാതുസമ്പന്നമായ കിഴക്കൻ മേഖലയിലെ നിരവധി സായുധ സംഘങ്ങളിൽ ഒന്നായ കൺവെൻഷൻ ഫോർ ദ പോപ്പുലർ റെവല്യൂഷനും (Convention for the Popular Revolution) തമ്മിൽ ഏറ്റുമുട്ടിയതോടെ സുരക്ഷ വളരെ മോശമായെന്ന് രാജ്യത്തെ യുഎൻ ദൗത്യമായ മോനുസ്കോ (MONUSCO) അറിയിച്ചു. നവംബർ 18 ന് ബുലെയ്ക്കും, ഏകദേശം 70,000 പേർ താമസിക്കുന്ന സാവോ പ്ലെയിൻ ദുരിതാശ്വാസ കേന്ദ്രത്തിനും സമീപം കടുത്ത പോരാട്ടം റിപ്പോർട്ട് ചെയ്തു. ആയിരങ്ങൾ കുടിയൊഴിഞ്ഞു; അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതിന് തടസ്സമായി. ദൗത്യത്തിന്റെ ബംഗ്ലാദേശ് റാപ്പിഡ് ഡിപ്ലോയ്മെന്റ് ബറ്റാലിയൻ (Bangladeshi Rapid Deployment Battalion) സന്നാഹം വർധിപ്പിച്ച്, മൂന്ന് ദിവസത്തിലേറെ ആക്‌വേ ജനറൽ റഫറൽ ആശുപത്രിയിൽ കുടുങ്ങിയ 10 ആരോഗ്യ പ്രവർത്തകരെ പുറത്തെത്തിച്ചു. പ്രവിശ്യയിലെ എബോള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ആരോഗ്യ പ്രവർത്തകർ. ദിവസങ്ങൾക്ക് മുൻപ് ബംഗ്ലാദേശ്, നേപ്പാൾ സമാധാന സേനാംഗങ്ങൾ 380 പേരെ ഫതാകിയിൽ നിന്ന് സാവോ പ്ലെയിനിലേക്ക് സുരക്ഷിതമായി മടക്കിയെത്തിച്ചു.
പദങ്ങൾ
MONUSCO United Nations Organization Stabilization Mission in the Democratic Republic of the Congo — ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോയിലെ യുഎൻ സമാധാന ദൗത്യം.