ഫ്രാൻസിലാകെ പ്രതിഷേധം പടർന്നു; 1,200-ൽ അധികം പേർ അറസ്റ്റിൽ, ലിമോഷ് നഗരസഭാ മന്ദിരം കത്തി
18 ഒക്ടോബർ 2026
സ്കൂൾ വിദ്യാർഥികൾക്കു പിന്തുണയുമായും ഉയർന്ന വിലയ്ക്കും സാമൂഹികക്ഷേമ സംവിധാനത്തിന്റെ തകർച്ചയ്ക്കും എതിരായും ശനിയാഴ്ച ഫ്രാൻസിലാകെ പ്രകടനങ്ങൾ പടർന്നു. 1,200 പേരെ അറസ്റ്റ് ചെയ്തെന്നും 150 പൊലീസുകാർക്കു പരിക്കേറ്റെന്നും പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു പറഞ്ഞു. ഏകദേശം 5,50,000 പേർ തെരുവിലിറങ്ങിയതായി ആഭ്യന്തര മന്ത്രാലയം കണക്കാക്കി. ലിമോഷിൽ മുഖംമൂടിയണിഞ്ഞ പ്രതിഷേധക്കാർ കൊളുത്തിയ തീയിൽ നഗരസഭാ മന്ദിരം ഏറെക്കുറെ നശിച്ചു; 143 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര താഴത്തെ നിലകളിലേക്കു തകർന്നുവീണെന്നു പ്രാദേശിക ഭരണാധികാരി മോറിസ് ബരാത് പറഞ്ഞു. മാർസെയിൽ നഗരസഭാ മന്ദിരത്തിലേക്കു പ്രതിഷേധക്കാർ ഇരച്ചുകയറി; ലിയോണിൽ നഗരത്തിന്റെ വിനോദസഞ്ചാര ഓഫീസ് കത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി ലോറൻ നുന്യേ പറഞ്ഞു. ജീവനക്കാരുടെ കുറവും ജീർണിച്ച സൗകര്യങ്ങളും ചൂണ്ടിക്കാട്ടി ലിസെ വിദ്യാർഥികൾ ആഴ്ചകളായി നടത്തിവന്ന സമരത്തിനൊപ്പം തൊഴിലാളി യൂണിയനുകളും 2018-ൽ ഉയർന്നുവന്ന ഗിലെ ഷോൺ (മഞ്ഞക്കുപ്പായ) പ്രസ്ഥാനവും ചേർന്നു.