ചോങ്‌ഹേ കടൽക്കൊള്ള വിരുദ്ധ സേനയുടെ ദൗത്യമേഖല ഹോർമുസ് കടലിടുക്കിനടുത്തേക്ക് നീട്ടാൻ ദക്ഷിണ കൊറിയ
5 നവംബർ 2026
സൊമാലിയൻ തീരത്ത് പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയയുടെ കടൽക്കൊള്ള വിരുദ്ധ നാവിക സേനയായ ചോങ്‌ഹേ യൂണിറ്റിന്റെ (Cheonghae Unit) പ്രവർത്തന മേഖല വിപുലീകരിക്കാൻ ദക്ഷിണ കൊറിയ പദ്ധതിയിടുന്നു.
പുതുക്കിയ ദൗത്യപ്രകാരം ഏഡൻ ഉൾക്കടലിൽ (Gulf of Aden) നിന്ന് വടക്കുകിഴക്കോട്ട്, അറബിക്കടലിൽ ഒമാന് തെക്കുള്ള ജലമേഖല വരെ, ഹോർമുസ് കടലിടുക്കിന് അടുത്തേക്ക് പ്രവർത്തനം നീളും.
പ്രവർത്തന ദൂരം ഏകദേശം ഇരട്ടിയായി 1,930 കിലോമീറ്ററോളമാകും.
പി-8എ (P-8A) സമുദ്ര നിരീക്ഷണ വിമാനവും സ്ഫോടകവസ്തു നിർവീര്യ സംഘവും (EOD team) കൂടി ചേർക്കും. ഇതോടെ യൂണിറ്റിലെ അംഗബലം 75 കൂടി 395 ആകും.
ഉപമന്ത്രിതല യോഗം പദ്ധതി അംഗീകരിച്ചു. അടുത്ത ആഴ്ച മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം ഇത് നാഷണൽ അസംബ്ലിയുടെ (National Assembly) പരിഗണനയ്ക്കെത്തും; അസംബ്ലിയുടെ സമ്മതം നിർബന്ധമാണ്.
2009 മാർച്ചിലാണ് ചരക്കുകപ്പലുകളെ കടൽക്കൊള്ളക്കാരിൽ നിന്ന് സംരക്ഷിക്കാൻ ചോങ്‌ഹേ യൂണിറ്റിനെ ആദ്യമായി ഏഡൻ ഉൾക്കടലിലേക്ക് അയച്ചത്.
പദങ്ങൾ
EOD Explosive ordnance disposal — മൈനുകളും ബോംബുകളും കണ്ടെത്തി നിർവീര്യമാക്കുന്ന സംഘം.