കോഴിക്കോട്ടെ തീരദേശ പഞ്ചായത്തുകളിൽ ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ നടത്തിപ്പ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ വിലയിരുത്തി
26 നവംബർ 2026
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 (National Food Security Act, 2013) എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കുന്നു എന്നു പരിശോധിക്കാൻ സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ (State Food Commission) നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് ജില്ലയിലെ തീരദേശ മേഖലകളിൽ സന്ദർശനം നടത്തി. ഭക്ഷ്യ കമ്മീഷൻ അംഗം എം മുരുകേഷാണ് സംഘത്തെ നയിച്ചത്. വടകര താലൂക്കിലെ ചോറോട്, അഴിയൂർ, ഒഞ്ചിയം ഗ്രാമപഞ്ചായത്തുകളിലെ തീരദേശ ഭാഗങ്ങളിലായിരുന്നു സന്ദർശനം. റേഷൻ ഗുണഭോക്താക്കളുടെ വീടുകൾ, റേഷൻ കടകൾ, അങ്കണവാടികൾ, ഒരു സ്കൂൾ എന്നിവിടങ്ങളിൽ സംഘം എത്തി. ചോറോട് പഞ്ചായത്തിൽ ആറ് ഗുണഭോക്താക്കളുടെ വീടുകളും ഒരു റേഷൻ കടയും, അഴിയൂരിൽ രണ്ടു വീടുകളും സന്ദർശിച്ചു. ചോമ്പാല സൗത്ത് ബീച്ചിലെ അങ്കണവാടി, ഒഞ്ചിയം പഞ്ചായത്തിലെ അങ്കണവാടി, മാടാക്കര കണ്ണൂക്കര ഗവ ഫിഷറീസ് എ എൽ പി സ്കൂൾ എന്നിവിടങ്ങളിലും എത്തി, പൊതുവിതരണ സംവിധാനത്തിലൂടെ ലഭിക്കുന്ന സേവനങ്ങളും ഭക്ഷ്യധാന്യ ലഭ്യതയും വിലയിരുത്തി.