ഐ.എൻ.എസ്. ത്രിശൂലും എച്ച്.എം.എസ്. സതർലൻഡും പങ്കെടുത്ത കൊങ്കൺ-26 അഭ്യാസം പ്ലിമത്തിനു സമീപം സമാപിച്ചു
18 ഒക്ടോബർ 2026
ഇന്ത്യ-യുണൈറ്റഡ് കിങ്ഡം ഉഭയകക്ഷി നാവിക അഭ്യാസമായ കൊങ്കൺ-26, 2026 ഒക്ടോബർ 15-ന് യുണൈറ്റഡ് കിങ്ഡത്തിലെ പ്ലിമത്തിനു സമീപം സമാപിച്ചു. 2026 ഒക്ടോബർ 8 മുതൽ 15 വരെ നടന്ന അഭ്യാസം ഇന്ത്യൻ നാവികസേനയ്ക്കും റോയൽ നേവിക്കും തൊഴിൽപരവും പ്രവർത്തനപരവുമായ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ അവസരമൊരുക്കി. ഇന്ത്യൻ നാവികസേനയെ പ്രതിനിധീകരിച്ചത് സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐ.എൻ.എസ്. ത്രിശൂലാണ്; റോയൽ നേവി ഡ്യൂക്ക് ക്ലാസ് അന്തർവാഹിനിവിരുദ്ധ ഫ്രിഗേറ്റായ എച്ച്.എം.എസ്. സതർലൻഡിനെ വിന്യസിച്ചു. റോയൽ നേവിയുടെ ഫ്ലീറ്റ് ഓപ്പറേഷണൽ സ്റ്റാൻഡേഡ്സ് ആൻഡ് ട്രെയിനിങ് ആണ് അഭ്യാസം നടത്തിയത്. ഒക്ടോബർ 12 മുതൽ 15 വരെ നടന്ന നാലു ദിവസത്തെ കടൽ ഘട്ടത്തിൽ നൂതന നാവിക തന്ത്രങ്ങൾ, സംയുക്ത തന്ത്രപരമായ അഭ്യാസങ്ങൾ, ആശയവിനിമയ നടപടിക്രമങ്ങൾ, ഉപരിതലവിരുദ്ധ അസമമിത യുദ്ധമുറ, അന്തർവാഹിനിവിരുദ്ധ യുദ്ധമുറ, ബഹുഭീഷണി സാഹചര്യത്തിലെ ആയുധപ്രയോഗം എന്നിവ ഉൾപ്പെട്ടു.