സംസ്ഥാനത്ത് 1800 ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്നും 500 നഴ്സ്, ഫാർമസിസ്റ്റ് തസ്തികകൾ നികത്തുമെന്നും ആരോഗ്യമന്ത്രി
18 ഒക്ടോബർ 2026
സർക്കാർ ആശുപത്രികൾ വിപുലീകരിക്കുന്നതിനും പ്രവർത്തന സജ്ജമാക്കുന്നതിനും സ്പെഷാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ 1800 ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. 500 നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളും നികത്തുമെന്നും അതിനായി ധനകാര്യവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡോക്ടർമാരുടെ സേവനം ലഭിച്ചാൽ എല്ലാ ജില്ലാ ആശുപത്രികളും 24 മണിക്കൂർ പ്രവർത്തനസജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ചോറ്റാനിക്കര, തോട്ടൂർ, കൂവപ്പടി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച ശേഷമാണ് അദ്ദേഹം സംസാരിച്ചത്. ആ പരിപാടിയുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ 94 ശതമാനം പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുവെന്നും എല്ലാ ജില്ലകളിലും പ്രതീക്ഷ സെന്ററുകൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.