വഴിയോര കച്ചവടക്കാർക്കു രാത്രി വീട്ടിലേക്കു വലിച്ചുകൊണ്ടുപോകാവുന്ന സൗരോർജ സ്മാർട്ട് വണ്ടിയുമായി ഐ.ഐ.ടി. ഖരഗ്പുർ
18 ഒക്ടോബർ 2026
വഴിയോര കച്ചവടക്കാരെ സ്മാർട്ട് സംരംഭകത്വത്തിലേക്കു നയിക്കാനുള്ള നഗർ ഉദ്യം പദ്ധതിയുടെ പരീക്ഷണ ഘട്ടം ഐ.ഐ.ടി. ഖരഗ്പുർ തങ്ങളുടെ കാമ്പസിലെ ടെക്നോളജി സ്റ്റുഡന്റ്സ് ജിംഖാനയിൽ ഉദ്ഘാടനം ചെയ്തു. 2026 ഒക്ടോബർ 16 വെള്ളിയാഴ്ചയാണു പരീക്ഷണം തുടങ്ങിയത്; ഐ.ഐ.ടി. ഖരഗ്പുർ ഡയറക്ടർ പ്രൊഫ. സുമൻ ചക്രവർത്തിയും മുഖ്യാതിഥിയായി ഖരഗ്പുർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സിദ്ധാർഥ് സിങ് ദാംഗിയും പങ്കെടുത്തു. സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലി പ്രതിബദ്ധതയുടെ ഭാഗമാണു സംരംഭം. ഉടമയുടെ മോട്ടോർ സൈക്കിൾകൊണ്ടു വലിക്കാവുന്ന, മുച്ചക്ര മാതൃകയിലുള്ള പരിവർത്തനക്ഷമമായ സ്മാർട്ട് വണ്ടി ഏകദേശം 30 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ രൂപകൽപന ചെയ്തതാണ്; പ്രവർത്തനപരവും റോഡ് സുരക്ഷാപരവുമായ സാധൂകരണത്തിനു വിധേയമാണിത്. പൊതുവഴി സ്ഥിരമായി കൈയടക്കുന്നത് ഒഴിവാക്കാൻ വീട്ടിൽ സൂക്ഷിക്കാവുന്ന രീതിയിലാണു നിർമാണം. പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന കുറഞ്ഞ വൈദ്യുതി സൗകര്യങ്ങൾ, ഒതുക്കമുള്ള ബാറ്ററി സംഭരണം, ക്യു.ആർ. അധിഷ്ഠിത തിരിച്ചറിയലും പണരഹിത പണമിടപാടുമുള്ള സേതു ഡിജിറ്റൽ സംവിധാനം, സംരക്ഷിത ഭക്ഷണ പ്രദർശനം, ഭക്ഷ്യയോഗ്യ പ്രതലങ്ങൾ, മൂന്നുതരം മാലിന്യ വേർതിരിക്കൽ എന്നിവ വണ്ടിയിലുണ്ട്.