കേര പദ്ധതി റബ്ബർ പുനർനടീലിന് കർഷകർക്ക് ഹെക്ടറിന് 75,000 രൂപ നൽകും, ഒരാൾക്ക് പരമാവധി രണ്ട് ഹെക്ടർ
18 ഒക്ടോബർ 2026
കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെയാണ് കേര പദ്ധതി നടപ്പിലാക്കുന്നത്. കാലാവസ്ഥാനുസൃത റബ്ബർ തൈകൾ വെച്ചുപിടിപ്പിക്കുന്നതിന് കേര പദ്ധതിയിലൂടെ കർഷകർക്ക് ഹെക്ടറിന് എഴുപത്തയ്യായിരം രൂപ അനുവദിക്കും; ഒരു കർഷകന് പരമാവധി രണ്ടു ഹെക്ടർ വരെ ധനസഹായം അനുവദിക്കും. റബ്ബർ പുനർനടീലിനായുള്ള കർഷകർക്ക് പരിശീലനവും രജിസ്ട്രേഷൻ പരിപാടിയും നൂറനാട് ഹോട്ടൽ മൂൺലൈറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു; പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സൗമ്യ പ്രദീപ് അധ്യക്ഷയായി. കേര പദ്ധതിയെക്കുറിച്ച് കോട്ടയം റീജ്യണൽ ആർ.പി.എം.യു. ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ അജാസ് കെ. ബാവയും, കേര റബ്ബർ പുനർനടീൽ പരിപാലന പദ്ധതിയെക്കുറിച്ച് അടൂർ റബ്ബർ ബോർഡ് ഡെപ്യൂട്ടി ആർ.പി.സി ഇൻ-ചാർജ് ആർ. പ്രവീൺ കുമാറും ക്ലാസ്സെടുത്തു. നൂറ്റിപത്തോളം കർഷകർ പരിശീലനത്തിൽ പങ്കെടുക്കുകയും പുനർനടീലിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തതായി കേര പദ്ധതി അധികൃതർ അറിയിച്ചു.