ഭരണഭാഷാ പുരസ്കാരങ്ങൾക്ക് കേരളം അപേക്ഷ ക്ഷണിച്ചു; മികച്ച വകുപ്പിന് 25,000 രൂപ
10 ഒക്ടോബർ 2026
ഭരണഭാഷാ പുരസ്കാരങ്ങൾക്ക് ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിന്റെ ഔദ്യോഗികഭാഷാ വിഭാഗം അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 12 ന് വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷ ലഭിക്കണം. സർക്കാർ ഭരണത്തിൽ മലയാളം പ്രോത്സാഹിപ്പിക്കുന്നതിനും ഭരണഭാഷാ മാറ്റം പൂർത്തിയാക്കുന്നതിനുമാണ് പുരസ്കാരങ്ങൾ. ഭരണഭാഷാ മാറ്റത്തിൽ ഏറ്റവും മികച്ച പുരോഗതി കൈവരിക്കുന്ന വകുപ്പിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. മാതൃഭാഷാ പ്രചാരണം ഏറ്റവും മികച്ച രീതിയിൽ നടത്തുന്ന ജില്ലയ്ക്ക് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. മലയാളം ഭരണഭാഷയാക്കാൻ സഹായിക്കുന്ന മൗലിക കൃതികൾ രചിക്കുന്ന ജീവനക്കാർക്കുള്ള ഗ്രന്ഥരചനാ പുരസ്കാരത്തിൽ ഒന്നാം സമ്മാനം 20,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയുമാണ്. എ, ബി, സി ഗ്രൂപ്പ് ഉദ്യോഗസ്ഥർക്കും ടൈപ്പിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് വിഭാഗങ്ങൾക്കുമുള്ള സംസ്ഥാനതല ഭരണഭാഷാ സേവന പുരസ്കാരത്തിൽ ഓരോ വിഭാഗത്തിലും 20,000 രൂപയും 10,000 രൂപയുമാണ് സമ്മാനം. സി ഗ്രൂപ്പ് ജീവനക്കാർക്കുള്ള ജില്ലാതല ഭരണഭാഷാ പുരസ്കാരം 10,000 രൂപയാണ്. സ്കൂൾ വിദ്യാർഥികൾക്കുള്ള പുതിയ സാഹിത്യ പുരസ്കാരം ഒന്ന് മുതൽ നാല്, അഞ്ച് മുതൽ ഏഴ്, എട്ട് മുതൽ പത്ത് എന്ന ക്ലാസ് വിഭാഗങ്ങളിലാണ്. ഒന്നാം സമ്മാനം 5,000 രൂപ, രണ്ടാം സമ്മാനം 3,000 രൂപ. 2025 കലണ്ടർ വർഷത്തിൽ മലയാളത്തിൽ ചെയ്ത പ്രവൃത്തികളാണ് പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്. സംസ്ഥാനതല അപേക്ഷകൾ തിരുവനന്തപുരം ഗവൺമെന്റ് സെക്രട്ടേറിയറ്റ് അനെക്സ് ഒന്നിലെ ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിക്കും ജില്ലാതല അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കും നൽകണം.
പദങ്ങൾ
Bharanabhasha Bharanabhasha, the official language of administration — സർക്കാർ ഫയലുകളും ഉത്തരവുകളും എഴുതുന്ന ഭാഷ; ഇത് പൂർണമായി മലയാളത്തിലേക്ക് മാറ്റുകയാണ് കേരളത്തിന്റെ പദ്ധതി.