മുഹമ്മദ് കോയ സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷ ക്ഷണിച്ചു
23 നവംബർ 2026
ന്യൂനപക്ഷ വിദ്യാർഥിനികൾക്കുള്ള മുഹമ്മദ് കോയ സ്കോളർഷിപ്പ്, ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയുടെ റിന്യൂവൽ അപേക്ഷ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ട, നേരത്തേ ഈ സ്കീമിൽ ഫ്രഷ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികൾക്കാണ് അർഹത. സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവരായിരിക്കണം. ബിരുദത്തിന് 5,000 രൂപ, ബിരുദാനന്തര ബിരുദത്തിന് 6,000 രൂപ, പ്രൊഫഷണൽ കോഴ്സിന് 7,000 രൂപ എന്നിങ്ങനെയാണ് പ്രതിവർഷ തുക. ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ് സഹിതം 13,000 രൂപ ഹോസ്റ്റൽ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകയ്ക്ക് ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. വകുപ്പിന്റെ സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 20.