മിഷൻ സമുദ്ര പദ്ധതിയിൽ കോട്ടയം പോർട്ടിലൂടെ ആദ്യ പ്രധാന ഇറക്കുമതി ചരക്കുനീക്കം
23 നവംബർ 2026
മിഷൻ സമുദ്ര പദ്ധതിയിൽ കോട്ടയം പോർട്ടിലൂടെ ആദ്യ പ്രധാന ഇറക്കുമതി ചരക്കുനീക്കം നടന്നു. എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് എത്തിക്കുന്ന ഏകദേശം 1,500 മെട്രിക് ടൺ നാച്ചുറൽ റബ്ബർ 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴിയാണ് വരുന്നത്. മൂന്ന് ബിൽ ഓഫ് ലേഡിങ്ങുകളിലായി 20 കണ്ടെയ്നറുകൾ വീതമാണ് ക്രമീകരണം. മുംബൈ വഴി ട്രാൻസ്ഷിപ്മെന്റ് ചെയ്ത് എത്താൻ ഒരു മാസത്തോളം എടുത്തിരുന്നതിനാലാണ് എംആർഎഫ് വിഴിഞ്ഞത്തെ പോർട്ട് ഓഫ് ഡെസ്റ്റിനേഷൻ (Port of Destination) ആയി തിരഞ്ഞെടുത്തത്. വിഴിഞ്ഞത്തുനിന്ന് കണ്ടെയ്നറുകൾ കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിൽ (Inland Container Depot) എത്തിച്ചാണ് തുടർനടപടികൾ പൂർത്തിയാക്കുന്നത്. കോട്ടയം ഐസിഡിയുടെ (ICD) വികസനത്തിൽ ഇത് നിർണായക മുന്നേറ്റമാകുമെന്ന് സർക്കാർ അറിയിച്ചു. ഇറക്കുമതിയിൽ ലഭിക്കുന്ന ഒഴിഞ്ഞ കണ്ടെയ്നറുകൾ കയറ്റുമതിക്ക് ഉപയോഗിക്കാനാകും.