എറണാകുളത്ത് ഓപ്പറേഷൻ തൂഫാൻ 2.0യിൽ 159 നിയമലംഘനങ്ങൾ; 8,06,500 രൂപ പിഴ
19 ഒക്ടോബർ 2026
ഓപ്പറേഷൻ തൂഫാൻ 2.0യുടെ ഭാഗമായി എറണാകുളം മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ജില്ലയുടെ വിവിധ മേഖലകളിൽ വ്യാപക വാഹനപരിശോധന നടത്തി.
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം നടന്ന പരിശോധനയിൽ 159 നിയമലംഘനങ്ങൾ കണ്ടെത്തി ചലാൻ തയ്യാറാക്കുകയും 8,06,500 രൂപ പിഴ ചുമത്തുകയും ചെയ്തു.
എറണാകുളം എൻഫോഴ്‌സ്മെൻ്റ് ആർ.ടി.ഒ. ബിജു ഐസക്കിൻ്റെയും ആലുവ ഡി.വൈ.എസ്.പി. ബൈജു പൗലോസിൻ്റെയും നേതൃത്വത്തിൽ പുലർച്ചെ നാലുമുതൽ രാവിലെ എട്ടുവരെയായിരുന്നു പരിശോധന.
നൂറോളം ഉദ്യോഗസ്ഥർ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് അങ്കമാലി കറുകുറ്റി, കരയാംപറമ്പ്, പെരുമ്പാവൂർ, ആലുവ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, നേര്യമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തി.
ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതി അടയ്ക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കൽ, പെർമിറ്റ് ഇല്ലാതെ വാഹനങ്ങൾ ഉപയോഗിക്കൽ, ഇൻഷുറൻസ് പരിരക്ഷയില്ലാതെ വാഹനമോടിക്കൽ, അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, അനധികൃത കളർ ലൈറ്റുകൾ, നമ്പർ പ്ലേറ്റ് മറച്ചുവെച്ച വാഹനങ്ങൾ, ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ഉപയോഗിക്കാത്ത വാഹനങ്ങൾ എന്നിവ കണ്ടെത്തി.
പദങ്ങൾ
HSRP High Security Registration Plate — വാഹനങ്ങൾ നിർബന്ധമായി ഘടിപ്പിക്കേണ്ട കൃത്രിമം തടയുന്ന നമ്പർ പ്ലേറ്റ്.